ഏദൻ ഗൾഫിൽ ചരക്കുകപ്പലിന് നേരെ കടൽക്കൊള്ള ശ്രമം: തകർത്ത് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ്
ന്യൂഡൽഹി: ഏദൻ ഗൾഫിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ നടന്ന കടൽക്കൊള്ളാ ശ്രമം ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രികണ്ഡ് (INS Trikand) വിജയകരമായി പരാജയപ്പെടുത്തി. ബുധനാഴ്ച (ജൂലൈ 1) രാത്രിയാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ (ANI) റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് അതിപ്രധാനമായ ചരക്കുകളുമായി വരികയായിരുന്ന 'എംവി ഗോൾഡൻ ആഴ്സണൽ' (MV Golden Arsenal) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിന് നേരെ കടൽക്കൊള്ളക്കാരുടെ നീക്കമുണ്ടായ ഉടൻ തന്നെ ജീവനക്കാർ കപ്പലിലെ സുരക്ഷിത മുറിയിൽ (Safe Room) കയറി സ്വയം പൂട്ടിയിടുകയും, ആശയവിനിമയ ചാനൽ വഴി വിവരം നാവികസേനയെ അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രികണ്ഡ് സംഭവസ്ഥലത്തേക്ക് അതിവേഗം കുതിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ തങ്ങളെ ലക്ഷ്യമിട്ട് വരുന്നത് കണ്ടതോടെ കടൽക്കൊള്ളക്കാർ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാവികസേനയുടെ കമാൻഡോകളായ 'മാർക്കോസ്' (MARCOS) ചരക്കുകപ്പലിൽ പ്രവേശിച്ച് പരിശോധനകൾ നടത്തുകയും കപ്പൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ആക്രമണശ്രമത്തിൽ കപ്പലിലെ ജീവനക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നും കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും നാവികസേന അധികൃതർ വ്യക്തമാക്കി. വീരോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഇന്ത്യൻ നാവികസേന ഒഴിവാക്കിയത്.
