ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും
ന്യൂഡൽഹി: വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈലിന്‍റെ കൂടുതൽ യൂണിറ്റുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച് റഷ്യ. എസ്-400ന്‍റെ അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് നൽകാനാണ് റഷ്യ സമ്മതം അറിയിച്ചിരിക്കുന്നത്. കിർഗിസ്ഥാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നീക്കം.
സുദർശൻ ചക്ര എന്ന പേരിൽ ഇന്ത്യ പുനർനാമകരണം ചെയ്ത എസ്-400 ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്ഥാന്‍റെ വ്യോമാക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവച്ചിരുന്നു.
400 കിലോമീറ്റർ പരിധിയുള്ള ഉപരിതല-ആകാശ മിസൈൽ സംവിധാനമാണ് എസ്-400. ശത്രു വിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താൻ സാധിക്കുന്ന റഡാറും ഇതിനൊപ്പമുണ്ട്. 314 കിലോമീറ്റർ പരിധിയിൽ വച്ച് പാക്കിസ്ഥാന്‍റെ നിരീക്ഷണ വിമാനത്തെ എസ്-400 തകർത്ത് റെക്കോർഡിട്ടതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജീതേന്ദ്ര മിശ്ര വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു.
2018 ഒപ്പുവച്ച ആദ്യ കരാർ പ്രകാരം എസ്-400ന്‍റെ അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ ഓർഡർ ചെയ്തത്. ഇതിൽ നാലെണ്ണം ഇതിനകം ലഭിച്ചു. നവംബറോടെ അവസാനത്തേത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
