സിന്ധു നദി ജലക്കരാർ; പാകിസ്താന്റെ 'യുദ്ധ' ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി: ആഭ്യന്തര പരാജയങ്ങൾ മറയ്ക്കാനുള്ള തന്ത്രമെന്ന് വിമർശനം

സെൻട്രൽ

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി (Indus Water Treaty) ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ യുദ്ധപരാമർശത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകൾ അവരുടെ സ്വന്തം ആഭ്യന്തര പരാജയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവെക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള വെറും അടവുകൾ മാത്രമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

​തങ്ങളുടെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് വരെ മടിക്കില്ലെന്നായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ വിവാദ പരാമർശം. എന്നാൽ അടിസ്ഥാനരഹിതമായ ഈ അവകാശവാദങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

​പാകിസ്ഥാൻ ഭരണകൂടത്തിന്റെ സാമ്പത്തിക ചൂഷണവും ഭരണപരമായ പീഡനങ്ങളും കാരണമാണ് പാക് അധീന കശ്മീരിൽ (PoK) നിലവിൽ വലിയ ജനകീയ പ്രതിഷേധങ്ങൾ നടക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന പാകിസ്ഥാൻ, അവിടെയുള്ള പൗരന്മാർക്ക് നേരെ ക്രൂരമായ പോലീസ് നരനായാട്ടാണ് നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാതെ നദീജല കരാറുമായി ബന്ധപ്പെട്ട മുൻ നിലപാടുകളിൽ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

Tags

Share this story