ഇന്‍റർനെറ്റ് തടസപ്പെട്ടു; സോഷ‍്യൽ മീഡിയയിൽ റീൽസിന് അടിമയായിരുന്ന 52 കാരി ജീവനൊടുക്കി

നാഷണൽ

കോർബ: ഇന്‍റർനെറ്റ് തകരാറിനെത്തുടർന്ന് ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 52 കാരി ജീവനൊടുക്കി. മംഗ്ലോ ഭായ് സാരഥി എന്ന സ്ത്രീയാണ് കീടനാശിനി കഴിച്ച് ശനിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ചികിത്സയിലായിരുന്ന ഇവർ തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു. കർത്തല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേരകച്ഛാർ ഗ്രാമത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ഇവർ സോഷ‍്യൽ മീഡിയ റീൽസിന് അടിമയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മൊബൈൽ ഫോണിൽ റീൽസ് കാണുന്നതിനിടെ ഇന്‍റർനെറ്റ് കണ‍ക്ഷൻ തടസപ്പെട്ടതിൽ അസ്വസ്ഥയായ മംഗ്ലോ ഭായ് മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് കേടുവരുത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു.

ആരോഗ‍്യനില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട മകളാണ് മറ്റു കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. ഇതേത്തുടർന്ന് കർത്തല പ്രാഥമിക ആരോഗ‍്യ കേന്ദ്രത്തിൽ കൊണ്ടുപോകുകയും അവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോർബ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ചികിത്സയിലിരിക്കെയാണ് 52 കാരി മരിച്ചത്. മൃതദേഹം കുടുംബത്തിന് കൈമാറി. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

Tags

Share this story