രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കൈയിൽ; മുഖ്യമന്ത്രിയുടെ ഓഫിസുമായി നടിക്ക് എന്താണ് ബന്ധം: വിവാദം

Telungana

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് സൗജന്യമായി നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കൈയിൽ. നടിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപുവാണ് മുഖ്യമന്ത്രിക്ക് അനുവദിച്ച കോംപ്ലിമെന്‍ററി ടിക്കറ്റുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ശനിയാഴ്ച ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്‍റെ ടിക്കറ്റുകളാണ് നടിയുടെ കൈയിലെത്തിയത്. വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് സംഭവം.

സൺറൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ 40,000 രൂപ വില വരുന്ന ടിക്കറ്റുകളായിരുന്നു ഇത്. ടിക്കറ്റിൽ തെലുങ്കാന മുഖ്യമന്ത്രിക്കുള്ള കോംപ്ലിമെന്‍ററി ടിക്കറ്റെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നിന്ന് ചിത്രീകരിച്ചിരിക്കുന്നതാണ് വിഡിയോ. നടിയുടെ വളർത്തുനായ്ക്കളേയും വിഡിയോയിൽ കാണാം.


നടി സ്റ്റോറി പങ്കുവച്ചതിനു പിന്നാലെ ഇത് ആരാധകരുടെ കണ്ണിലുടക്കുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടിക്ക് എന്താണ് ബന്ധം എന്ന ചോദ്യമാണ് ഉയരുന്നത്. ആരാണ് ഇവർക്ക് ടിക്കറ്റുകൾ നൽകിയത് എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

സോഷ്യൽ മീഡിയയിൽ 1.1 മില്യൺ ഫോളോവേഴ്സുള്ള നടിയാണ് കുഷിത. മോഡൽ കൂടിയായ ഇവർ ചംഗുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു - നമ്പർ 1 ബുൾഷിറ്റ് ഗൈ, മനോഹരം എന്നി തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഇത്.

Tags

Share this story