ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണോ; രാജേഷ് എക്സ്പോർട്ട്സിലെ എൽ.ഐ.സിയുടെ നിക്ഷേപത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്
ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് സെബിയുടെ (SEBI) നിരീക്ഷണത്തിലുള്ള 'രാജേഷ് എക്സ്പോർട്സ്' (Rajesh Exports) എന്ന കമ്പനിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (LIC) 10.8 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും എൽ.ഐ.സിക്ക് അത് എങ്ങനെ കണ്ടെത്താനായില്ലെന്നും, കേന്ദ്ര ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന്റെയോ നിർദ്ദേശത്തിന്റെയോ ഭാഗമായാണോ എൽ.ഐ.സി ഈ കമ്പനിയിൽ വൻതോതിൽ നിക്ഷേപം നടത്തിയതെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.
സ്വർണ്ണ ശുദ്ധീകരണ, ആഭരണ നിർമ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ രാജേഷ് എക്സ്പോർട്ട്സിൽ വലിയ രീതിയിലുള്ള വരുമാന കൃത്രിമത്വവും ഫണ്ട് വകമാറ്റലും നടന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കണ്ടെത്തിയിരുന്നു. ജൂൺ 3-ലെ സെബിയുടെ ഇടക്കാല ഉത്തരവ് പ്രകാരം, 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ കമ്പനി ഏകദേശം 15 ലക്ഷം കോടി രൂപയുടെ വരുമാന കൃത്രിമത്വം കാണിച്ചതായാണ് ആരോപണം.
കമ്പനിയുടെ പ്രൊമോട്ടറും സി.ഇ.ഒയുമായ രാജേഷ് മേത്തയെ ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിൽ നിന്ന് സെബി വിലക്കിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുതിയ ഫോറൻസിക് ഓഡിറ്റിനും ഉത്തരവിട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിക്ക് കമ്പനിയിലുള്ള നിക്ഷേപത്തെക്കുറിച്ച് കോൺഗ്രസ് ആശങ്ക ഉന്നയിച്ചത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും എൽ.ഐ.സിയും മറ്റ് ബാങ്കുകളും ഇത് എങ്ങനെ തിരിച്ചറിയാതെ പോയെന്നും, രാഷ്ട്രീയ സ്വാധീനമുള്ള ഈ കമ്പനിയെ സഹായിക്കാൻ 'ഭരണകൂട വ്യവസ്ഥ' (ruling ecosystem) ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
