ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കില്ല; സർക്കാർ സ്ഥാപനമായി തന്നെ തുടരും: പ്രചാരണങ്ങൾ തള്ളി ചെയർമാൻ ഡോ. വി. നാരായണൻ
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ വ്യക്തമാക്കി. സ്ഥാപനം പൂർണ്ണമായും കേന്ദ്ര സർക്കാർ സംവിധാനമായി തന്നെ തുടരുമെന്നും ജീവനക്കാർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാരുമായി നടത്തിയ പ്രത്യേക വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണ പ്രവർത്തനങ്ങളും വിക്ഷേപണ സാങ്കേതികവിദ്യകളും ഇൻസ്പേസ് (IN-SPACe) വഴി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നുവെന്ന വാദങ്ങളെ തുടർന്നാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്കയറിയിച്ച് ചെയർമാന് കത്തയച്ചത്.
ഇതിനു മറുപടിയായി, ജീവനക്കാരുടെ തൊഴിലോ ആനുകൂല്യങ്ങളോ നഷ്ടപ്പെടില്ലെന്നും പെർഫോമൻസ് റിലേറ്റഡ് ഇൻസെന്റീവ് സ്കീം (PRIS) തുടരുമെന്നും ചെയർമാൻ പറഞ്ഞു. കൂടാതെ, ആളില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ നിയമനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഭാവിയിലെ വലിയ ബഹിരാകാശ ദൗത്യങ്ങളിൽ ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
