ആളെ പിടിച്ച് വോട്ട് ചെയ്യിക്കുന്നത് എൽഡിഎഫ് രീതിയല്ല; ചർച്ച വേണം: അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ബിനോയ് വിശ്വം

ബിനേയ് വിശ്വം

ന്യൂഡൽഹി: മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിലും എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടിയിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനകത്ത് പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാൻ നോക്കുന്നത് എൽഡിഎഫ് രീതിയല്ലെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

​പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐക്ക് ഒരു വാശിയുമില്ല. ഇടതുപക്ഷ ഐക്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പാർട്ടിക്ക് അറിയാം. അതുകൊണ്ട് തന്നെ ചർച്ചകൾക്കായി സിപിഐയുടെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. എല്ലാക്കാലത്തും സിപിഐയുടെ ഏറ്റവും വലിയ സഖ്യശക്തി സിപിഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. ഭരണം മാറിയതുകൊണ്ട് ആ നിലപാടിൽ മാറ്റമില്ലെന്നും, എം.ആർ അജിത് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Tags

Share this story