'ഭർത്താവിന്‍റെ വീട്ടിലെ പ്രായമായവരെ സേവിക്കേണ്ടത് ഭാര്യയുടെ കടമ': ഹൈക്കോടതി

Ranchi Court

റാഞ്ചി: ഭർത്താവിന്‍റെ വീട്ടിലെ പ്രായമായ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കേണ്ടത് ഇന്ത്യന്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി. മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച ജഡ്ജി, പ്രായമായവരെ പരിചരിക്കുന്നതാണ് ഇന്ത്യയിലെ സംസ്കാരമാണെന്നും അഭിപ്രായപ്പെട്ടു. ഭാര്യക്ക് പ്രതിമാസം 30,000 രൂപയും പ്രായപൂർത്തിയാകാത്ത മകന് 15,000 രൂപയും പ്രതിമാസം ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവിന്‍റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇപ്രകാരം പറഞ്ഞത്.

ഇന്ത്യന്‍ സംസ്കാര പ്രകാരം ഭാര്യ തന്റെ ഭർത്താവിന്‍റെ അമ്മയെയും മുത്തശ്ശിയെയും പരിചരിക്കണം. തക്കതായ കാരണമില്ലെങ്കില്‍ പ്രായമായ മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാൻ നിർബന്ധിക്കരുതെന്നും ജഡ്ജി പറഞ്ഞു. "കുടുംത്തിലെ സ്ത്രീ നല്ലവളെങ്കില്‍ ആ കുടുംബം അഭിവൃദ്ധിയിലെത്തും. സ്ത്രീ മോശമാണെങ്കില്‍ ആ കുടുംബം നശിക്കും"- എന്ന മനുസ്മൃതിയിലെ വാക്കുകളാണ് ജസ്റ്റിസ് സുഭാഷ് ചന്ദ് ഉദ്ധരിച്ചത്. സ്ത്രീയെക്കാൾ ശ്രേഷ്ഠമായ രത്നം ബ്രഹ്മാവ് ഒരു ലോകത്തിലും സൃഷ്ടിച്ചിട്ടില്ലെന്നും എന്നാൽ സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.

അമ്മയെയും മുത്തശ്ശിയെയും വീട്ടിൽ നിന്ന് പുറത്താക്കാൻ ഭാര്യ സമ്മർദം ചെലുത്തിയെന്നും ഈ ആവശ്യം അംഗീകരിക്കുന്നതുവരെ ഭാര്യ തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചെന്നും യുവാവ് ഹർജിയിൽ പറഞ്ഞു. 75 വയസുള്ള അമ്മായിയമ്മയെയും 95 വയസുള്ള മുത്തശ്ശിയെയും പരിചരിക്കാന്‍ ആഗ്രഹിക്കാത്തതിനാൽ യുവതി സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്ന് പോയതാണെന്നും, മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാൻ യുവതി ഭർത്താവിന്മേൽ സമ്മർദ്ദം ചെലുത്തി, എന്നാല്‍ യുവാവ് അത് അംഗീകരിച്ചില്ലെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. തുടർന്ന് യുവതിക്ക് ജീവനാംശം നല്‍കണമെന്ന വിധി ഹൈക്കോടതി തള്ളി. അതേസമയം മകന് നല്‍കേണ്ട തുക 15000 ല്‍ നിന്ന് 25000 ആക്കി ഉയർത്തി കോടതി ഉത്തരവിട്ടു.

Share this story