ആന്ധ്രയിൽ നിർണായക നീക്കവുമായി ജഗൻമോഹൻ സർക്കാർ; ജാതി സെൻസസ് നടപടികൾ ഇന്ന് ആരംഭിക്കും

ആന്ധ്രയിൽ ജാതി സെൻസസ് നടത്താൻ തീരുമാനം. നടപടികൾ ഇന്ന് തന്നെ ആരംഭിക്കാനാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ നീക്കം. രാജ്യത്തെ തന്നെ ഡോ. ബിആർ അംബേദ്കറിന്റെ ഏറ്റവും ഉയരുമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസം തന്നെയാണ് ജാതി സെൻസസ് നടപടികളും സർക്കാർ ആരംഭിക്കുന്നത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടക്കാനിരിക്കെയാണ് ആന്ധ്രയിൽ ജഗൻമോഹൻ സർക്കാരിന്റെ നിർണായക നീക്കം

ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂർണമായി ഉപയോഗിച്ചാകും സെൻസസ് വിവരശേഖരണം. ഇതിനായി സന്നദ്ധ പ്രവർത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിന് ജഗൻമോഹൻ റെഡ്ഡി കത്തും നൽകിയിരുന്നു. ഇതിൽ തീരുമാനമാകില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
 

Share this story