കശ്മീർ താഴ്‌വരയിൽ ഭീകരബന്ധങ്ങൾക്കെതിരെ ജമ്മു കശ്മീർ പൊലീസിന്റെ വ്യാപക റെയ്ഡ്
ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കും ഓൺലൈൻ വഴിയുള്ള തീവ്രവാദ പ്രചാരണങ്ങൾക്കുമെതിരെ നടപടി കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം (CIK). ബാരാമുള്ള, അനന്ത്‌നാഗ്, ഷോപ്പിയാൻ, കുപ്‌വാര, ബന്ദിപ്പോറ തുടങ്ങിയ വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനും നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൻ്റെ ഭാഗമായാണ് ഈ പരിശോധനകൾ. റെയ്ഡിൽ മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റ് നിർണായക രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, താഴ്‌വരയിൽ തുടർച്ചയായി നടക്കുന്ന തിരച്ചിലുകളും കടുത്ത സുരക്ഷാ നടപടികളും പ്രാദേശിക തലത്തിൽ വീണ്ടും സജീവ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാനും ഭീകര ശൃംഖലകളും അവരുടെ സഹായികളായ ഓവർ ഗ്രൗണ്ട് വർക്കർമാരെയും (OGW) കണ്ടെത്താനും ഇത്തരം പരിശോധനകൾ അത്യാവശ്യമാണെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. എന്നാൽ, ഇടയ്ക്കിടെയുള്ള പരിശോധനകളും നിയന്ത്രണങ്ങളും സാധാരണക്കാരുടെ പ്രതിദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആശങ്കയും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.
