ജനനായകൻ എച്ച്ഡി പ്രിന്‍റ് ചോർന്ന സംഭവം; 6 പേർ അറസ്റ്റിൽ
തമിഴ് സൂപ്പർ താരം വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' സിനിമയുടെ ഹൈ-ഡെഫനിഷൻ (എച്ച്ഡി) പതിപ്പ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ തമിഴ്‌നാട് സൈബർ ക്രൈം വിംഗ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ അടിയന്തര നടപടി.
അനധികൃതമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിനിമ പങ്കുവെച്ച മുന്നൂറിലധികം ലിങ്കുകൾ സൈബർ വിഭാഗം ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ 9-നാണ് സിനിമയുടെ പല ഭാഗങ്ങളും ചിലയിടങ്ങളിൽ മുഴുവൻ സിനിമയും ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കോപ്പിറൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പൈറസി തടയുന്നതിനായി സൈബർ ക്രൈം വിംഗിന് കീഴിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. ഈ സംഘങ്ങൾ ഡിജിറ്റൽ ഫോറൻസിക് വിശകലനത്തിലൂടെയും മറ്റും സിനിമ അപ്‌ലോഡ് ചെയ്തവരെയും പങ്കുവെച്ചവരെയും കണ്ടെത്തുകയായിരുന്നു. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമുകളും ഷെയർ ഡ്രൈവ് ലിങ്കുകളും ഉപയോഗിച്ചാണ് പ്രതികൾ സിനിമ പ്രചരിപ്പിച്ചത്. ഇവരിൽ നിന്ന് നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൈറസിക്കെതിരെ മുന്നറിയിപ്പ്
സിനിമയുടെ വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ പങ്കുവെക്കുന്നതിനോ എതിരെ സൈബർ വിംഗ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാജ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും സോഷ്യൽ മീഡിയ വഴിയും മെസേജിംഗ് ആപ്പുകൾ വഴിയും സിനിമ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടുതൽ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും വ്യാജ ലിങ്കുകൾ ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രചാരണ തിരക്കിലായതിനാൽ നടൻ വിജയ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനനായകൻ സിനിമയും വിവാദങ്ങളും
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കൊമേഴ്‌സ്യൽ എന്റർടൈനറാണ്. വിജയ്, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും ചില രംഗങ്ങൾ സെൻസർ ബോർഡ് തടഞ്ഞതിനെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു.
സെൻസർ സർട്ടിഫിക്കറ്റിനായി നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിക്കുകയും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിക്കുകയുമായിരുന്നു. സെൻസർ ബോർഡ് ഇതുവരെ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇതിനിടെയാണ് സിനിമയുടെ എച്ച്ഡി പ്രിന്റ് ചോർന്നത് സിനിമാ വ്യവസായത്തെ ഞെട്ടിച്ചിരിക്കുന്നത്.
