ജെഡി(യു) നിയമകക്ഷി യോഗം സമാപിച്ചു; സെക്രട്ടേറിയറ്റ് തുറന്നു പ്രവർത്തിക്കണമെന്ന് നിർദേശം

എൻഡിഎ പ്രവേശനത്തിനു മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ഉച്ചക്ക് 12 മണിയോടെ രാജി സമർപ്പിച്ചേക്കും. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജെഡി(യു) എംഎൽഎമാരുമായി നടത്തിയ യോഗം പൂർത്തിയായി. നിതീഷ് ഉടൻ ഗവർണറെ കാണുമെന്നാണ് കരുതുന്നത്. വൈകിട്ട് 4 മണിയോടെ പുതിയ മന്ത്രിസഭ അധികാരത്തിലേറുമെന്നും റിപ്പോർട്ടുകളുണ്ട്. അസാധാരണ സാഹചര്യത്തിൽ ഞായറാഴ്ച ആണെങ്കിൽ പോലും ബിഹാറിലെ സെക്രട്ടറിയേറ്റ് തുറന്നു പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എൻഡിഎ- ജെഡി(യു) സഖ്യം ഇന്നു തന്നെ അധികാരത്തിലേറിയേക്കും. നിതീഷ് കുമാറിനു പുറകേ ജെഡി (യു) നേതാവ് അശോക് ചൗധരി, വിജയ് ചൗധരി, സഞ്ജയ് ഝാ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.

നിലവിൽ 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആർ ജെഡി യാണ്. 79 എംഎൽഎമാരാണ് ആർജെഡിക്ക് ഉള്ളത്. ജെഡി(യു)ന് 45 എംഎൽഎമാരും ബിജെപിക്ക് 78 എംഎൽഎമാരും ഉണ്ട്.

കോൺഗ്രസ്-19, സിപിഐ(എം-എൽ)( എൽ)-12, എച്ച്എഎം(എസ്)-4, എഐഎംഐഎം-1, സിപിഐ-2, സിപിഎം-2, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് സീറ്റ് നില. കേവല ‍ഭൂരിപക്ഷത്തിനായി 122 സീറ്റുകളാണ് വേണ്ടത്

Share this story