ലഡാക്കിലും ജെൻ സി കലാപം: ബിജെപി ഓഫീസിന് തീയിട്ടു, സിആർപിഎഫ് വാഹനം കത്തിച്ചു

ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പ്രതിഷേധത്തിൽ ജെൻ സിയും രംഗത്തിറങ്ങി. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ലേയിൽ കലാപമായി മാറി. പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ജെൻ സി എന്നറിയപ്പെടുന്ന പുതുതലമുറ യുവാക്കൾ സിആർപിഎഫ് വാഹനം കത്തിച്ചു
കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ ലഡാക്കിൽ കഴിഞ്ഞ 15 ദിവസമായി പ്രതിഷേധം നടന്നുവരികയായിരുന്നു. ഇന്നാണ് ജെൻ സിയും പ്രതിഷേധം ഏറ്റെടുത്ത് തെരുവിലിറങ്ങിയത്. യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. കേന്ദ്ര സർക്കാരിനെതിരെ മുദ്രവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം
കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പോലീസ് കണ്ണീർ വാതക പ്രയോഗവും തുടർന്ന് ലാത്തിച്ചാർജും നടത്തി. സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്നാണ് ലഡാക്കിൽ നിന്നുള്ള വിവരം