ഝാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു; ബന്ദ് പ്രഖ്യാപിച്ച് ബിജെപി
റാഞ്ചി: ഝാര്‍ഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില മോശമായതോടെ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ നിയമസഭയിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീവാതകവും ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു.
വിവിധ ജില്ലകളില്‍ നിന്ന് ട്രെയിനുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് റാഞ്ചിയിലെത്തിയത്. ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സമരം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുമായുള്ള ആറാംഘട്ട ചര്‍ച്ചക്കുശേഷവും സമവായത്തിലെത്തിയിരുന്നില്ല. ദേശീയ പതാകയേന്തി എത്തിയ പ്രതിഷേധക്കാരെ തടയാന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
ഇതിനിടെ, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ പി എസ് സി) മുന്‍ ചെയര്‍മാന്‍ എല്‍ ഖിയാംഗ്തെയെ സി ഐ ഡി അറസ്റ്റ് ചെയ്തു. ജൂലൈ 22ന് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ 98 ശതമാനവും അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 13 പരീക്ഷകളില്‍ മൂന്നെണ്ണം മാത്രം റദ്ദാക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്ന് സമരക്കാര്‍ പറയുന്നു.
