5ജി സേവനങ്ങൾക്ക് 10 ശതമാനം അധികം നിരക്ക് ഈടാക്കാന്‍ തയാറെടുത്ത് ജിയോയും എയര്‍ടെല്ലും: റിപ്പോര്‍ട്ട്

Jio Airtel 5G

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും പ്രീമിയം ഉപയോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ് 5ജി ഡേറ്റ പ്ലാനുകള്‍ പിന്‍വലിക്കാനും 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങള്‍ക്ക് കുറഞ്ഞത് 5-10% അധികം നിരക്ക് ഈടാക്കാനും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ഇരുകമ്പനികളും മൊത്തം മൊബൈല്‍ താരിഫുകള്‍ 20 ശതമാനം ഉയര്‍ത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എയര്‍ടെല്ലിന്‍റെ 5ജി സേവനങ്ങള്‍ക്ക് മാത്രമായി കൂടുതല്‍ നിരക്ക് ഉടനെ ഈടാക്കിയില്ലെങ്കിലും വരുമാനം മെച്ചപ്പെടുത്തുന്നതിനായി മൊത്തത്തിലുള്ള മൊബൈല്‍ താരിഫുകള്‍ ഉയര്‍ത്താന്‍ എയര്‍ടെല്‍ മടിക്കില്ലെന്ന് 2023 നവംബറില്‍ കമ്പനിയുടെ മാനെജിങ് ഡയറക്റ്റര്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞിരുന്നു.

നിലവിലുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഏകദേശം ഒരു വര്‍ഷമായ ജിയോയും എയര്‍ടെല്ലും 4ജി നിരക്കില്‍ 5ജി സേവനങ്ങളും പരിധിയില്ലാത്ത ഡേറ്റ ഓഫറുകളും നല്‍കുകയാണ്. ജിയോയ്ക്കും എയര്‍ടെല്ലിനും ഇതിനകം ഏകദേശം 12.5 കോടി 5ജി വരിക്കാരുണ്ട്. രാജ്യത്തെ മൊത്തം 5ജി ഉപയോക്തൃ അടിത്തറ ഈ വര്‍ഷം അവസാനത്തോടെ 20 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

Share this story