എൻഡിഎയിൽ ചേർന്നു; തൊട്ടുപിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു

എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്ക് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് അവസാനിപ്പിച്ചത്. എട്ട് മാസത്തിന് മുമ്പാണ് പ്രഫുൽ പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയത്

2017ൽ രജിസ്റ്റർ ചെയ്ത കേസാണ് സിബിഐ അവസാനിപ്പിച്ചത്. എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും വേണ്ടി 70,000 കോടി മുടക്കി 110 വിമാനങ്ങൾ പാട്ടത്തിനെടുത്തതിലാണ് അഴിമതിയാരോപണം ഉയർന്നത്. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ.

കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിയാണ് പട്ടേൽ മന്ത്രിയായിരിക്കെ വിമാനങ്ങൾ പാട്ടത്തിനെടുത്തത്. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ് ഇതിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇപ്പോൾ ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു
 

Share this story