തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകി; മാധ്യമപ്രവർത്തകയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു
Mar 12, 2025, 14:37 IST

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തതിന് മുതിർന്ന വനിതാ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പോലീസ്. പുലർച്ചെ തന്റെ വീട്ടിലെത്തി പോലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെൽഫി വിഡിയോയിലൂടെ മാധ്യമപ്രവർത്തകയായ രേവതി ആരോപിച്ചു. തന്നെയും കുടുംബത്തെയും ഭയപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ നിശബ്ദയാക്കാൻ നോക്കുകയാണെന്ന് വിഡിയോയിലൂടെ രേവതി ആരോപിച്ചു. രേവന്ത് റെഡ്ഡിയെക്കുറിച്ച് കർഷകനായ ഒരു വയോധികൻ അതിരൂക്ഷ വിമർശനം ഉന്നയിക്കുന്ന വാർത്ത ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിൽ വയോധികൻ രേവന്തിനെതിരെ പറയുന്ന അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെടെ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധിക്ഷേപ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ കേസ് കൊടുത്തു. എക്സിലൂടെ വിഡിയോ പ്രചരിപ്പിച്ച ഒരാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് രേവതിയുടെ വീടും പരിസരവും 12 പൊലീസുകാരെത്തി വളഞ്ഞത്. രേവതിയുടേയും ഭർത്താവ് ചൈതന്യയുടേയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു.