ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി നവംബർ 24ന് സത്യപ്രതിജ്ഞ ചെയ്യും

justice suryakanth

ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നവംബർ 24ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 16 മാസത്തോളം അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. 


നവംബർ 23ന് വിരമിക്കുന്ന ജസ്റ്റിസ് ബി ആർ ഗവായിയുടെ പിൻഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസാകുന്നത്. 1962 ഫെബ്രുവരി 10ന് ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം നിയമബിരുദം കരസ്ഥമാക്കുന്നത്. അതേവർഷം തന്നെ അദ്ദേഹം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 

1985ലാണ് അദ്ദേഹം പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകനാകുന്നത്. 2000 ജൂലൈ 7ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി. 2018 ഒക്ടോബർ അഞ്ചിന് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.

Tags

Share this story