കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; രാജി സമർപ്പിച്ചത് ലോക്ഭവനിൽ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിൽ ഉള്ള കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് രാത്രി ബെംഗളൂൂവിൽ തിരിച്ചെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയുടെ രാജി അംഗീകരിക്കും. സിദ്ധരാമയ്യയുടെ രാജി ഗവണർ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൻ്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്. 2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങൾക്ക് പ്രാതൽ വിരുന്ന് ഒരുക്കിയിരുന്നു. അനൗദ്യോഗിക മന്ത്രിസഭായോഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വിരുന്നിൽ വെച്ചായിരുന്നു രാജിവെയ്ക്കുന്ന വിവരം സിദ്ധരാമയ്യ സഹപ്രവർത്തകരുമായി പങ്കുവെച്ചത്. വിഭാഗീയമായ സമീപനം ഉപേക്ഷിക്കണമെന്നും എല്ലാവരും ഡി കെ ശിവകുമാറിന് ആവശ്യമായ പിന്തുണ നൽകണമെന്നും ശിവകുമാർ സഹമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
കർണാടകയിൽ ഏറക്കാലമായി നീണ്ട് നിന്ന അധികാരത്തർക്കത്തിനൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത്. നേരത്തെ 2023ൽ മന്ത്രിസഭ നിലവിൽ വരുന്ന സമയത്ത് രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ടേം വ്യവസ്ഥ വെച്ചിരുന്നെന്നും ആദ്യ ടേമിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം എന്നുമായിരുന്നു ഡി കെ ശിവകുമാർവിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ ടേം വ്യവസ്ഥയില്ലെന്നും അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി ഭരണം തുടരുമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് കർണാടകയിൽ സിദ്ധരാമയ്യ- ഡി കെ ശിവകുമാർ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചിരിക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള ഹൈക്കമാൻഡിൻ്റെ നിർദ്ദേശം ഒടുവിൽ സിദ്ധരാമയ്യ അംഗീകരിക്കുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിർദ്ദേശം ആദ്യഘട്ടത്തിൽ സിദ്ധരാമയ്യ അംഗീകരിച്ചിരുന്നില്ല. ആകെയുള്ള 132 കോൺഗ്രസ് എംഎൽഎമാരിൽ നൂറിലേറെ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. അതിനാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം. എന്നാൽ ടേം വ്യവസ്ഥ ചൂണ്ടിക്കാണിച്ച് ഖർഗെ സമ്മർദ്ദം ശക്തമാക്കിയതോടെ ഒടുവിൽ സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യ സമ്മതിക്കുകയായിരുന്നു. മൂന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും വിശ്വസ്തർക്ക് മന്ത്രിസ്ഥാനവും അടക്കം ഉപാധികൾ നേതൃത്വം അംഗീകരിക്കാൻ തയ്യാറായതോടെയാണ് സിദ്ധാരമയ്യ രാജിവെയ്ക്കാൻ തയ്യാറായതെന്നാണ് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ ഡൽഹിയിലെത്തുന്ന സിദ്ധരാമയ്യ തൻ്റെ അവകാശവാദങ്ങൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിൻ്റെയും മുന്നിൽ ശക്തമായി അവതരിപ്പിക്കുമെന്നുമാണ് വിവരം.
