കർണാടകയിൽ മുഖ്യമന്ത്രി മാറ്റം ഉടൻ; ഡി.കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനെ തുടർന്ന്, മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മന്ത്രിസഭാ സഹപ്രവർത്തകർക്കായി പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കും.
സിദ്ധരാമയ്യ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും ഡി.കെ. ശിവകുമാറിന് വഴിമാറുമെന്നുമാണ് സൂചനകൾ. ഡൽഹിയിൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. ഔദ്യോഗിക പരിപാടികളിലായി ഡൽഹിയിലായിരുന്ന ഡി.കെ. ശിവകുമാർ തന്റെ മുൻ നിശ്ചയിച്ച യാത്രകളിൽ മാറ്റം വരുത്തി വ്യാഴാഴ്ച പുലർച്ചെ തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും.
കർണാടകയിലെ സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബെംഗളൂരുവിലെത്തും. പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ചേരാൻ സാധ്യതയുണ്ട്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവർക്കുമിടയിൽ ഉണ്ടാക്കിയ അധികാര പങ്കാളിത്ത കരാർ അനുസരിച്ച് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
