കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ചു കൊന്ന സംഭവം; സിബിഐ അന്വേഷണം വേണമെന്ന് പിഎംകെ നേതാവ് അൻബുമണി രാമദോസ്
ചെന്നൈ: കര്‍ണാടക വനംവകുപ്പ് അധികൃതർ ചാമരാജനഗറിലെ വനത്തിൽ വച്ച് മൂന്ന് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിഎംകെ നേതാവ് ഡോ. അൻബുമണി രാമദോസ് ആവശ‍്യപ്പെട്ടു.
സായുധ ഏറ്റുമുട്ടലിലൂടെയാണ് തമിഴ്നാട് സ്വദേശികളായ ആന്‍റണി സ്വാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവർ മരിച്ചതെന്ന കർണാടക സർക്കാരിന്‍റെ വാദത്തിന് വിരുദ്ധമാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് അൻബുമണി പറഞ്ഞു.
വന‍്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്നും സ്വയരക്ഷയ്ക്ക് വേണ്ടി നടത്തിയ തിരിച്ചടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്നുമാണ് കർണാടക വനംവകുപ്പ് പറയുന്നതെങ്കിലും ഈ വാദം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ തള്ളി. മരണപ്പെട്ടവരുടെ ദേഹത്ത് തൊട്ടടുത്ത് നിന്നും വെടിയേറ്റതിന്‍റെ പരുക്കുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നും അൻപുമണി പറഞ്ഞു.
ഇവരെ കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത് വച്ച് വെടിവച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഔദ‍്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാത്തതിനാലും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടാത്തതിനാലും അദ്ദേഹം കർണാടക സർക്കാരിനെ വിമർശിച്ചു.
പ്രധാമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ, ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ അധ‍്യക്ഷൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്ക് വിഷയവുമായി ബന്ധപ്പെട്ട് കത്തെഴുതിയതായും അദ്ദേഹം വ‍്യക്തമാക്കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
