കര്‍ണാടക എസ്‌ഐആര്‍: മുസ്‌ലിം എംഎല്‍എമാരുടെ 10 മണ്ഡലങ്ങളില്‍ നിന്ന് വെട്ടിയത് 27.59 ശതമാനം വോട്ടര്‍മാരെ
ബെംഗളൂരു: കര്‍ണാടക എസ്‌ഐആറില്‍ മുസ്‌ലിം എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നിന്ന് കൂട്ടത്തോടെ വോട്ടുവെട്ടിയെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിം എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് എസ്ഐആറിലൂടെ 27.59 ശതമാനം വോട്ടര്‍മാരെ നീക്കിയതായി കണക്കുകള്‍ വിശകലനം ചെയ്ത് 'വാര്‍ത്താഭാരതി' റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ ഗവേഷണ കണ്‍സള്‍ട്ടന്‍സിയായ സങ്കല്‍പ് പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കിയാണ് വിശകലനം. എസ്‌ഐആറില്‍ കര്‍ണാടകയില്‍ മൊത്തത്തിലുള്ള വോട്ട് നീക്കം ചെയ്യല്‍ നിരക്ക് 19.45 ശതമാനമാണ്. എന്നാല്‍, ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ് മുസ്‌ലിം എംഎല്‍എമാരുള്ള പത്ത് മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2025ലെ വോട്ടര്‍പട്ടിക പ്രകാരം ഈ പത്ത് മണ്ഡലങ്ങളിലായി 9,62,359 മുസ്‌ലിം വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 2,46,759 പേരുകളാണ് നീക്കം ചെയ്തത്. അതായത് മുസ്‌ലിം വോട്ടര്‍മാരുടെ നീക്കം ചെയ്യല്‍ നിരക്ക് 25.64 ശതമാനം. അതേസമയം, ഈ മണ്ഡലങ്ങളിലെ മറ്റ് സമുദായങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ നീക്കം ചെയ്യല്‍ നിരക്ക് 28.79 ശതമാനമാണ്.
ചാമരാജ്പേട്ട്, ശിവാജിനഗര്‍, നരസിംഹരാജ, ഗുല്‍ബര്‍ഗ നോര്‍ത്ത്, രാമനഗരം, മംഗളൂരു, ശാന്തിനഗര്‍, ബിദര്‍, ബെളഗാവി നോര്‍ത്ത്, ഷിഗ്ഗാവ് എന്നിവയാണ് ഈ മണ്ഡലങ്ങള്‍. ഇവിടങ്ങളില്‍ യഥാക്രമം സഫീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ്, തന്‍വീര്‍ സെയ്ത്, കനീസ് ഫാത്തിമ, എച്ച്.എ ഇഖ്ബാല്‍ ഹുസൈന്‍, യു.ടി ഖാദര്‍ തുടങ്ങിയവരാണ് മുസ്‌ലിം എംഎല്‍എമാര്‍.
അതേസമയം, കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ബൂത്തുകളില്‍നിന്ന് 22.35 ലക്ഷത്തിലേറെ വോട്ടര്‍മാരെ നീക്കം ചെയ്തതായും വിശകലനം വ്യക്തമാക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 60 ശതമാനമോ അതിലധികമോ വോട്ട് ലഭിച്ച ബൂത്തുകളെയാണ് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായി കണക്കാക്കിയത്. ഇത്തരം ബൂത്തുകളില്‍നിന്ന് 22,35,155 പേരുകളാണ് നീക്കം ചെയ്തത്. കര്‍ണാടകയില്‍ ആകെ 1,07,96,339 വോട്ടര്‍മാരെ നീക്കം ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
വോട്ടര്‍മാരെ നീക്കം ചെയ്തതിന്റെ കാരണങ്ങളിലും അസമത്വമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയിലെ ആകെ വോട്ടര്‍മാരില്‍ 12.9 ശതമാനം മാത്രമാണ് മുസ്‌ലിം വിഭാഗം. എന്നാല്‍, കണ്ടെത്താനായില്ലെന്ന് രേഖപ്പെടുത്തി നീക്കം ചെയ്തവരില്‍ 17.1 ശതമാനവും മുസ്‌ലിംകളാണ്. മറ്റൊരിടത്ത് ഇതിനകം വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തി നീക്കം ചെയ്തവരില്‍ 20.3 ശതമാനവും മുസ്‌ലിം വിഭാഗക്കാരാണ്. അതേസമയം, മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്തവരില്‍ മുസ്‌ലിം വിഭാഗത്തിന്റെ പങ്ക് 12.2 ശതമാനം മാത്രമാണ്. വോട്ടര്‍മാരെ കണ്ടെത്താനായില്ല, മറ്റൊരിടത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നീ കാരണങ്ങളുടെ പരിശോധനയുടെ കൃത്യതയും അതിനുപയോഗിച്ച രേഖകളും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
