കരൂർ ആൾക്കൂട്ട ദുരന്തം: മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ ഇന്ന് രണ്ട് ഹർജികൾ, വിജയ്ക്ക് നിർണായകം

karur

കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും കരൂർ ദുരന്തത്തിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയുമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിക്കുക. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും

വിജയ്‌യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശി പിഎച്ച് ദിനേശാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും കേസിൽ നിന്ന് വിജയ്‌നെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാലാണെന്നും ഹർജിയിൽ ആരോപിക്കുന്നു

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജിയും കോടതി പരിഗണിക്കും. കൂടാതെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സർക്കാരിനും വിജയ്ക്കും ഒരുപോലെ നിർണായകമാണ് കോടതിയുടെ തീരുമാനം.
 

Tags

Share this story