കരൂർ റാലി ദുരന്തം: 'ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നുപേർ മരിച്ചു, ഞാൻ മാത്രം ബാക്കി'; ഞെട്ടലോടെ സുനിത

ചെന്നൈ: "ഞാനും ബോധംകെട്ട് വീണുപോയിരുന്നു, കുറച്ചുകഴിഞ്ഞാണ് കണ്ണ് തുറന്നത്. എന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നുപേർ നിർഭാഗ്യവശാൽ മരിച്ചുപോയി. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല," വിതുമ്പുന്ന ശബ്ദത്തോടെ സുനിത പറഞ്ഞു.
തമിഴ്‌നാട്ടിലെ കറൂരിൽ നടൻ-രാഷ്ട്രീയ നേതാവ് വിജയിയുടെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളാണ് സുനിത. നേരത്തെ രാവിലെ 8.45-ന് നിശ്ചയിച്ചിരുന്ന റാലിക്ക് വിജയ്യുടെ വരവ് വൈകിയതിനാൽ, ആയിരക്കണക്കിന് ആളുകളാണ് താരത്തെ ഒരു നോക്ക് കാണാൻ കറൂർ ടൗണിലെ ലൈറ്റ് ഹൗസ് റൗണ്ടാനയിൽ തടിച്ചുകൂടിയത്. (രാവിലെ 8.45-ന് പകരം ഉച്ചയ്ക്ക് 3 മണിയോടെയാണ് അദ്ദേഹം നാമക്കൽ റാലിയെ അഭിസംബോധന ചെയ്തത്).
കറൂർ സർക്കാർ ആശുപത്രിയിലേക്ക് ഓരോ രണ്ട് മിനിറ്റിലും ആംബുലൻസുകൾ പാഞ്ഞെത്തിക്കൊണ്ടിരുന്നു. സ്വന്തം മക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട സ്ത്രീകളുടെ നിലവിളികൾ മാത്രമാണ് അവിടെ കേൾക്കാനുണ്ടായിരുന്നത്. പരിക്കേറ്റവരെയും ബോധരഹിതരായവരെയും ഐ.സി.യു.വിലേക്കും എമർജൻസി വാർഡിലേക്കും എത്തിക്കാൻ ആശുപത്രി ജീവനക്കാർ ഏറെ പ്രയാസപ്പെട്ടു.
വിജയിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുമായി ആളുകൾ മണിക്കൂറുകളോളം കാത്തിരുന്നതായി റാലി സ്ഥലത്തുണ്ടായിരുന്ന സുനിത പറഞ്ഞു. "ആളുകൾ ഒരിടത്ത് നിൽക്കാതെ വിജയ് സഞ്ചരിച്ച ബസിനെ പിന്തുടർന്നു. ആ സമയത്താണ് അവർ പരസ്പരം തള്ളിമാറ്റാൻ തുടങ്ങിയത്. പലരുടെയും ചെരിപ്പുകൾ നഷ്ടപ്പെട്ടു, അവർ നിലത്ത് വീഴുകയും ചെയ്തു. ഭാഗ്യത്തിന് ഞാൻ കൂടുതൽ തിരക്കിലേക്ക് പോയില്ല," സുനിത ഓർമ്മിച്ചു.
"താരതമ്യേന തിരക്ക് കുറഞ്ഞ ഒരിടത്തേക്ക് ഞാൻ മാറി നിന്നു, പക്ഷേ ആളുകൾ അലറിക്കരയുന്നതും വാഹനത്തിന് നേർക്ക് ഓടുന്നതും എനിക്ക് കാണാമായിരുന്നു. ഞാനുൾപ്പെടെ നാലുപേരാണ് ഒരു ആംബുലൻസിൽ ഉണ്ടായിരുന്നത്. അതിൽ ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്, മറ്റെല്ലാവരും മരിച്ചുപോയി," സുനിത കൂട്ടിച്ചേർത്തു. റാലിയിൽ സ്ത്രീകളായിരുന്നു കൂടുതൽ. വിജയിയെ ഇഷ്ടപ്പെടുന്ന കുട്ടികളുമായിട്ടാണ് പല സ്ത്രീകളും റാലിക്കെത്തിയത്.
വിജയ് സംസാരിച്ചു തുടങ്ങിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു എന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു—പ്രിയതാരത്തെ കാണാൻ ചില ആരാധകർ വൈദ്യുതി തൂണുകളിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഇത്തരമൊരു നടപടി പതിവാണ്—ഇതോടെയാണ് സ്ഥലത്തെ അവസ്‌ഥ കൂടുതൽ വഷളായത്.
"ആളുകളെ നിയന്ത്രിക്കാൻ പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. റാലിയിൽ സംഭവിച്ചത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല," ആംബുലൻസുകളുടെ ശബ്ദം തുടർച്ചയായി കേൾക്കാമായിരുന്നു എന്നും ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു. വിജയ് എന്തോ പന്തികേട് മണത്തറിഞ്ഞതുകൊണ്ടാവാം തന്റെ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബസിന് മുകളിൽ നിന്ന് ബോധരഹിതരായി വീണ കുറച്ചുപേർക്ക് വേണ്ടി വിജയ് ആംബുലൻസ് ഏർപ്പാടാക്കിയെങ്കിലും അദ്ദേഹം പ്രസംഗം തുടർന്നു, കറൂരിലേക്ക് പ്രവേശനം ഒരുക്കിയ പോലീസിന് നന്ദി പറയുകയും ചെയ്തു. "പോലീസിന്റെ സഹായമില്ലാതെ എനിക്ക് ഇവിടെ വന്ന് റാലിയെ അഭിസംബോധന ചെയ്യാൻ കഴിയുമായിരുന്നില്ല," അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി സമീപ ജില്ലകളായ സേലം, തിരുച്ചിറപ്പള്ളി, നാമക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ അടുത്ത മണിക്കൂറുകളിൽ ആശുപത്രിയിൽ എത്തുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.