കരൂർ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്, ഡൽഹി ഓഫീസിൽ ഹാജരാകണം
Jan 6, 2026, 14:36 IST
കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിബിഐ സമൻസ് അയച്ചിരിക്കുന്നത്.
കരൂർ ദുരന്തത്തിന് ശേഷം നടന്ന യോഗങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൊതുയോഗങ്ങൾ സജീവമാക്കി വരികയായിരുന്നു. ഇതിനിടെയാണ് സിബിഐയുടെ സമൻസ് വരുന്നത്. അതേസമയം സിബിഐ സമൻസിൽ ടിവികെ നേതാക്കൾ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതം കൈമാറിയിരുന്നു.
