കെ.സി മുഖ്യമന്ത്രിയാകണം; തർക്കം ഡൽഹിയിലേക്ക് നീട്ടി സുധാകരൻ: ഖാർഗെയെ കണ്ട് നിലപാടറിയിച്ചു
ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക് നീട്ടി കെ. സുധാകരൻ എംപി. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ, പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട് നിലപാടറിയിച്ചു. ശനിയാഴ്ച പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
കെ.സി. വേണുഗോപാലിന്റെ പേര് സുധാകരൻ ഖാർഗെയ്ക്ക് രേഖാമൂലംതന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയെ കെ.സി. വേണുഗോപാൽ എന്ന ഒരൊറ്റ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ.
വേണുഗോപാലിന്റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ പ്രധാനമായും മുന്നോട്ടുവെച്ചത്. നേരത്തെ ഫേസ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ പങ്കുവെച്ച നിലപാടുകളുടെ തുടർച്ചയായാണ് ഈ നീക്കം. അതേസമയം, സുധാകരന്റെ ഈ രഹസ്യനീക്കത്തിലും ചരടുവലിയിലും കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരന്റെ നീക്കം.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്നും ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരൻ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽ നേരിട്ടെത്തിയുള്ള സുധാകരന്റെ നീക്കം.
വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ പരസ്യമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും കടുത്ത അമർഷമുണ്ട്. ഫലം വരുംമുമ്പുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗും അതൃപ്തി പരസ്യമാക്കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയേയും വെട്ടാനുള്ള കെ. സുധാകരന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസവും വിലയിരുത്തപ്പെടുന്നത്. ഇരുവർക്കും 'ചെക്ക്' വെക്കാനാണ് സുധാകരൻ ആദ്യം ഫേസ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതും ഇപ്പോൾ ഡൽഹിക്ക് വണ്ടികയറിയതുമെന്നും വിലയിരുത്തലുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ കെ.സി അനുകൂലികളും സതീശൻ അനുകൂലികളും ചെന്നിത്തല അനുകൂലികളും പരസ്പരം പോര് തുടങ്ങി
കെ.സിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുക വഴി കോൺഗ്രസിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കുക എന്നതാണ് സുധാകരൻ ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്. കണ്ണൂർ ജില്ലയിൽ തനിക്കുണ്ടായിരുന്ന പഴയ പ്രതാപം കൈമോശം വന്നതായി സുധാകരന് തോന്നുന്നുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നതും കണ്ണൂരിൽ ഇത്തവണ മത്സരിക്കാൻ സാധിക്കാതിരുന്നതുമെല്ലാം സുധാകരന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയ സുധാകരൻ ഇപ്പോൾ കെ.സിക്ക് അനുകൂലമായി ചരടുവലികൾ നടത്തുന്നത്.
ഇത്തവണ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ പരിഗണിക്കുമെന്ന ആശയക്കുഴപ്പം കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. നേരത്തേ ചെന്നിത്തലയും ഇപ്പോൾ സുധാകരനും ദേശീയ നേതൃത്വവുമായി മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസ് അണികൾ ഭൂരിഭാഗവും സതീശൻ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഒത്തുതീർപ്പ് സ്ഥാനാർഥിയായി കെ.സിയുടെ പേര് ഉയർന്നുകേൾക്കുന്നത്. തന്റെ അനുകൂലികളെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മൽസരിപ്പിക്കുകയെന്ന തന്ത്രം കെ.സി സ്വീകരിച്ചത് ഇത് മുന്നിൽ കണ്ടാണെന്നും വിലയിരുത്തലുണ്ട്.
