കെജ്രിവാളെ ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

kejriwal

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസ് ഇന്ന് സുപ്രീം കോടതിയും പരിഗണിക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്

ഇന്നലെ രാത്രി 9 മണിയോടെയാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി വാറന്റുമായി കെജ്രിവാളിന്റെ വീട്ടിലെത്തിയത്. 

അറസ്റ്റിൽ എഎപിയും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യതലസ്ഥനത്ത് സംഘർഷ സാഹചര്യമാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 

കെജ്രിവാളിന്റെ വീടിന് മുന്നിലും ആംആദ്മി ഓഫീസുകൾക്ക് മുന്നിലും വൻ പോലീസ് സംഘം നിലയുറപ്പിക്കുന്നുണ്ട്. കെജ്രിവാൾ ജയിലിൽ കിടന്ന് ഡൽഹി ഭരിക്കുമെന്നാണ് ആംആദ്മിയുടെ നിലപാട്. എന്നാൽ ഇത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
 

Share this story