അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് കെജ്രിവാൾ; നാടകീയ നീക്കങ്ങൾ

മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാൻ എടുത്തപ്പോഴാണ് പിൻവലിക്കുന്നതായി കെജ്രിവാളിന്റെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്

നേരത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മൂന്നംഗ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. എന്നാൽ നാടകീയമായി ഹർജി പിൻവലിക്കുകയാണെന്ന കാര്യം അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇ ഡി തടസ്സ ഹർജി നൽകിയ സാഹചര്യത്തിലാണ് കെജ്രിവാൾ തന്റെ ഹർജി പിൻവലിച്ചത്

തങ്ങളുടെ കൂടി ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി തടസ്സഹർജി നൽകിയത്. ഏതെങ്കിലും ഘട്ടത്തിൽ സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചാൽ അത് സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയെയും ബാധിക്കും. ഇത് മുന്നിൽ കണ്ടാണ് ഹർജി പിൻവലിക്കാൻ കെജ്രിവാൾ തയ്യാറായത്.
 

Share this story