കെജ്രിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് എഎപി മാർച്ച്; അനുമതിയില്ലെന്ന് പോലീസ്

kejriwal

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതി വളയാൻ ആംആദ്മി പാർട്ടി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുള്ളത്. മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അനുമതിയില്ലെങ്കിലും മാർച്ചുമായി മുന്നോട്ടു പോകുമെന്നാണ് ആംആദ്മി പാർട്ടി അറിയിച്ചിരിക്കുന്നത്

കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകൾ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പോലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. എഎപി ഇന്ന് നടത്തുന്ന സമരത്തിൽ ഡൽഹി സംഘർഷഭരിതമാകാനും സാധ്യതയുണ്ട്. ഇ ഡി കസ്റ്റഡിയിൽ തുടരുന്ന കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

അതേസമയം കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി പ്രൊഫൈൽ പിക്ചർ ക്യാമ്പയിനും ആരംഭിച്ചു. മോദി കാ സബ്‌സാ ബഡാ ഡർ കെജ്രിവാൾ എന്ന ഹാഷ് ടാഗോടെയാണ് പിക്ചർ ക്യാമ്പയിൻ. എഎപി നേതാക്കളും പ്രവർത്തകരുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പ്രൊഫൈൽ പിക്ചറാക്കി മാറ്റിയിട്ടുണ്ട്.
 

Share this story