കെജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കമാരംഭിച്ച് കേന്ദ്രം

kejriwal

ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യനയക്കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് ഡൽഹി ലഫ്. ഗവർണർ നിയമോപേദശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം ലഭിച്ചത്

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഡൽഹി ലഫ്. ഗവർണർ നിർദേശം നൽകിയേക്കും. ഇന്ന് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമാണ്. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കെജ്രിവാളിനെ റോസ് അവന്യു കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്നതിന്റെ തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

അതേസമയം കെജ്രിവാളിന്റെ അറസ്റ്റിൽ വിമർശനം ആവർത്തിച്ച് അമേരിക്ക വീണ്ടും രംഗത്തുവന്നു. നിയമനടപടികൾ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ പറഞ്ഞു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന കോൺഗ്രസിന്റെ പരാതിയെ കുറിച്ചും തങ്ങൾക്ക് അറിയാമെന്നും മില്ലർ പറഞ്ഞു
 

Share this story