കെജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ വൻ പ്രതിഷേധം, കനത്ത സുരക്ഷ, മെട്രോ സ്‌റ്റേഷൻ അടച്ചിട്ടു

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വ്യാപക പ്രതിഷേധം. നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കേന്ദ്ര സ്ഥാപനങ്ങൾക്ക് മുന്നിലും ബിജെപി ഓഫീസുകൾക്ക് മുന്നിലും പ്രവർത്തകർ പ്രതിഷേധിക്കുകയാണ്

ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് എഎപി പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധിക്കുന്ന പ്രവർത്തകെ പോലീസ് തടഞ്ഞു. എഎപി ഓഫീസിനുള്ളിൽ പ്രതിഷേധിച്ചാൽ മതിയെന്നാണ് പോലീസിന്റെ നിലപാട്. കെജ്രിവാളിനെ ഹാജരാക്കുന്ന റോസ് അവന്യു കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

പ്രതിഷേധം ശക്തമായതോടെ ആംആദ്മി ഓഫീസിന് സമീപത്തുള്ള ഐടിഒ മെട്രോ സ്‌റ്റേഷൻ വൈകുന്നേരം വരെ അടച്ചിട്ടിരിക്കുകയാണ്. എഎപി ഓഫീസുകൾക്ക് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞിട്ടുണ്ട്. പ്രവർത്തകർ തെരുവിലേക്ക് ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. 

ഇന്ന് ചേരാനിരുന്ന ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27ന് രാവിലെ 11 മണിക്ക് സമ്മേളനം വീണ്ടും ചേരും. കെജ്രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്നും ആരോപണമുണ്ട്.
 

Share this story