കേജ്രിവാളിന്റെ ചടുല നീക്കം; ഡൽഹിയിൽ വീട്ടിൽ കയറി പ്രചാരണത്തിന് ആം ആദ്മി

Aravind

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിനിന്റെയും അറസ്റ്റില്‍ പ്രതിരോധ നീക്കവുമായി ആം ആദ്മി പാര്‍ട്ടി. മാര്‍ച്ച് 5 മുതല്‍ ഡല്‍ഹിയില്‍ വീടുതോറും കയറി പ്രചാരണം നടത്താനാണ് തീരുമാനം. സിസോദിയയുടെയും ജെയിനിന്റെയും രാജിക്ക് പിന്നിലെ 'യാഥാര്‍ഥ്യം' ബോധ്യപ്പെടുത്താൻ എഎപി എംഎല്‍എമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മാതൃകകളില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രം അസ്വസ്ഥരായതോടെയാണ് ഇരുനേതാക്കള്‍ക്കും ജയിലിലേക്ക് പോകേണ്ടി വന്നതെന്ന് ജനങ്ങളെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെ തന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കേജ്രിവാള്‍ ഇക്കാര്യം എഎപി നേതാക്കളോട് ആവശ്യപ്പെട്ടത്. 

സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാാനാണ് എഎപി എംഎല്‍എമാരുടെയും എംസിഡി കൗണ്‍സിലര്‍മാരുടെയും യോഗം അരവിന്ദ് കെജ്രിവാള്‍ വിളിച്ചത്. അഴിമതിക്കേസില്‍ അറസ്റ്റിലായ സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടന്നത്.

ഇവരുടെ രാജിയെത്തുടര്‍ന്ന് ഡല്‍ഹി റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് ധനത്തിന്റെയും വൈദ്യുതിയുടെയും അധിക ചുമതല നല്‍കിയതായും മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ നിയമിക്കുന്നതുവരെ സാമൂഹികക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

സത്യേന്ദര്‍ ജെയിന്‍ ആരോഗ്യം, ജയില്‍ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്നു. കൂടാതെ അദ്ദേഹം  ധനകാര്യം, വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു.

Share this story