കേന്ദ്ര അവഗണനക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ; മുഖ്യമന്ത്രി നേതൃത്വം നൽകും

pinarayi

കേന്ദ്രസർക്കാർ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരളാ ഹൗസിൽ നിന്നും മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക

ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സീതാറാം യെച്ചൂരി അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, ആംആദ്മി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നലെ കർണാടക നേതാക്കൾ സമരം നടത്തിയ അതേ പന്തലിൽ തന്നെയാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുന്നത്

കേരളത്തിന്റെ അതിജീവനത്തിനാണ് സമരമെന്നും ആരെയും തോൽപ്പിക്കാനല്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
 

Share this story