ഡൽഹിയിലെ 'സമാധാനപരമായ' പ്രതിഷേധത്തിന് മുന്നോടിയായി നിർദേശങ്ങൾ പുറത്തുവിട്ട് കോക്രോച്ച് ജനതാ പാർട്ടി
നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ഒഎസ്എം വിവാദം എന്നിവയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി (CJP) തങ്ങളുടെ പ്രവർത്തകർക്കായി പ്രത്യേക നിർദേശങ്ങൾ (Do's and Don'ts) പുറത്തുവിട്ടു.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
- ദേശീയപതാകയും പുസ്തകവും കരുതുക: ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുക എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം എന്നതിനാൽ എല്ലാ പ്രവർത്തകരും ഒപ്പം ദേശീയപതാകയും ഒരു പുസ്തകവും കരുതണം.
- ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുക: പ്രതിഷേധത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ ലൈവ് ആയി പങ്കുവെക്കാൻ പാർട്ടി ആവശ്യപ്പെട്ടു. "നിങ്ങളുടെ ക്യാമറയല്ലാതെ സത്യത്തിന് മറ്റ് വക്താക്കളില്ല" എന്നാണ് പാർട്ടി വ്യക്തമാക്കിയത്.
- പ്രകോപനങ്ങളിൽ വീഴരുത്: അക്രമികളുമായോ സാമൂഹിക വിരുദ്ധരുമായോ യാതൊരുവിധ തർക്കങ്ങളിലും ഏർപ്പെടരുത്. അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പോലീസിനെ അനുവദിക്കുക.
- പോലീസിനോട് സ്നേഹത്തോടെ പെരുമാറുക: പ്രതിഷേധ സ്ഥലത്തുള്ള പോലീസുകാർക്ക് പൂക്കൾ നൽകി യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ അവർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുക.
- കൂട്ടമായി എത്തുക: ഈ ജനകീയ പോരാട്ടം കൂടുതൽ ശക്തമാക്കാൻ കൂടുതൽ ആളുകളെ പ്രതിഷേധത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക.
അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ജൂൺ 6-ന് രാവിലെ ഡൽഹിയിൽ വിമാനമിറങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ജന്തർ മന്തറിലെ പ്രതിഷേധത്തിനുള്ള അനുമതി തേടും. പ്രവർത്തകർ ആരും തന്നെ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും രാവിലെ 9 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടണമെന്നും പാർട്ടി ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പൗരന്മാർ തങ്ങളുടെ ഭരണഘടനാപരമായ അവകാശം ഉപയോഗിച്ച് സമാധാനപരമായി പ്രതിഷേധിക്കുമെന്നും പാർട്ടി വക്താക്കൾ അറിയിച്ചു.
