കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ ജനകീയ പ്രതിഷേധം ജൂൺ 6ന്; സ്ഥാപകൻ അഭിജിത് ദീപ്കെ യു.എസിൽ നിന്നെത്തുന്നു
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച 'കോക്രോച്ച് ജനതാ പാർട്ടി' (CJP) തങ്ങളുടെ ആദ്യ നേരിട്ടുള്ള ജനകീയ പ്രതിഷേധത്തിലേക്ക് കടക്കുന്നു. ജൂൺ 6-ന് ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. രാഷ്ട്രീയ പരിഹാസ (Satire) കൂട്ടായ്മയായി രൂപീകരിച്ച ഈ സംഘടനയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് ശേഷം ആദ്യമായാണ് അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.
നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജൂൺ 6-ന് രാവിലെ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. നിലവിൽ യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജിത്, പ്രതിഷേധത്തിൽ പങ്കെടുക്കാൻ നേരിട്ടെത്തും.
സർക്കാറിൽ നിന്ന് മറുപടി ആവശ്യപ്പെടാനുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കണമെന്ന് ദീപ്കെ പറഞ്ഞു. ജൂൺ 6ന് രാവിലെ താൻ ഡൽഹിയിൽ എത്തിയ ശേഷം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും തന്നോടൊപ്പം പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും ദീപ്കെ അഭ്യർഥിച്ചു.
സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമെന്നും ജന്തർ മന്തറിലെ പ്രതിഷേധം തികച്ചും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലില്ലായ്മയ്ക്കും യുവാക്കളുടെ പ്രശ്നങ്ങൾക്കുമെതിരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ശബ്ദമുയർത്തി ദിവസങ്ങൾക്കകം കോടിക്കണക്കിന് ഫോളോവേഴ്സിനെ നേടിയ സംഘടനയാണ് സി.ജെ.പി. ഇതിനിടെ രാജ്യസുരക്ഷ മുൻനിർത്തി പാർട്ടിയുടെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതും, അഭിജിത്തിന് നേരെ വധഭീഷണികൾ ഉയർന്നതും വലിയ വാർത്തയായിരുന്നു. ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചാണ് ജൂൺ 6-ലെ പ്രതിഷേധത്തിനായി അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക് എത്തുന്നത്.
