റെയിൽവേ ജോലിക്ക് കൈക്കൂലി ഭൂമി: ലാലുവും കുടുംബവും വിചാരണ നേരിടണമെന്ന് കോടതി
റെയിൽവേ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി. ഡൽഹി റോസ് അവന്യു കോടതിയാണ് ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ വിചാരണ തുടങ്ങാൻ ഉത്തരവിട്ടത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി, ഹേമ യാദവ് എന്നിവർ വിചാരണ നേരിടണം
2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിലെ ഗ്രൂപ്പ് ഡി തസ്തികയിൽ ജോലി നൽകുന്നതിന് പകരമായി ഉദ്യോഗാർഥികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും ലാലുവിന്റെ കുടുംബം ഭൂമി എഴുതി വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തൽ
റെയിൽവേ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് നിയമനങ്ങൾ നടത്തിയത്. ബിനാമി ഇടപാടുകൾ വഴി വലിയ അളവിൽ ഭൂമി കുടുംബത്തിന്റെ കൈവശമെത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
