സച്ചിന്റെ ഉപവാസ സമരത്തോട് മുഖം തിരിച്ച് നേതൃത്വം; പാർട്ടിയിൽ നിന്നും പുറത്താകുമോ

sachin gehlot

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അശോക് ഗെഹ്ലോട്ടിന്റെ നിരാഹാര സമരം പാർട്ടി വിരുദ്ധമാണെന്ന് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്വീന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിൻ പാർട്ടിയുടെ പ്രിയപ്പെട്ട നേതാവാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കകത്ത് തന്നെ ചർച്ച ചെയ്യപ്പെടണമെന്നും സുഖ്ജീന്ദർ സിംഗ് പറഞ്ഞു.

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് ഇന്ന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾക്കെതിരെ നടപടി എടുക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നിൽക്കെ സച്ചിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. ഹൈക്കമാൻഡ് വിലക്കും ലംഘിച്ച് സച്ചിൻ സമരവുമായി മുന്നോട്ടു പോകുമ്പോൾ പാർട്ടിയിൽ നിന്നുള്ള പുറത്താകൽ കൂടിയാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. മുമ്പും പലതവണ ഗെഹ്ലോട്ടുമായി പോരിനിറങ്ങിയ സച്ചിനെ രാഹുലും പ്രിയങ്കയും ചേർന്നാണ് അനുനയിപ്പിച്ചിട്ടുള്ളത്.
 

Share this story