മദ്യനയ അഴിമതിക്കേസ്; അറസ്റ്റ് നിയമവിരുദ്ധം: അടിയന്തര സിറ്റിങ് ആവശ്യപ്പെട്ട് കെജ്‌രിവാൾ ഹൈക്കോടതിയിൽ

Aravind

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തന്നെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പറ്റുമെങ്കിൽ ഞായറാഴ്ച തന്നെ അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയ അഴിമതിക്കേസിൽ ഇഡി വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കോടതി കെജ്‌രിവാളിനെ ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് ഹൈക്കടോതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായതിനു പിന്നാലെ കെജ്‌രിവാൾ രാജി വയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി ഈ ആവശ്യം തള്ളിയിരിക്കുകയാണ്.

തന്‍റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നും ജയിൽ മോചിതനാക്കണമെന്നുമാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. ഇഡി സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പല തവണ കെജ്‌രിവാളിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്.

മദ്യനയ അഴിമതിയുടെ സൂത്രധാരൻ കെജ്‌രിവാളായിരുന്നുവെന്നും ചെയ്തു കൊടുത്ത സഹായങ്ങളുടെ പേരിൽ കെജ്‌രിവാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്.

Share this story