മദ്യനയ അഴിമതിക്കേസ്: കെജ്രിവാൾ അടുത്ത മാസം 16ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി. അടുത്ത മാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡൽഹി റോസ് അവന്യു കോടതി നിർദേശിച്ചു. 

നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി കെജ്രിവാൾ ഇന്ന് ഓൺലൈനായാണ് കോടതിയിൽ ഹാജരായത്. മദ്യനയ അഴിമതിക്കേസിൽ ഇ ഡി ആറാമത്തെ സമൻസും അയച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ നീക്കം. 

അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് നിയമസഭയിൽ കെജ്രിവാൾ വിശ്വാസ വോട്ട് തേടുന്നത്. 70 അംഗ നിയമസഭയിൽ ആംആദ്മി പാർട്ടിക്ക് 62 എംഎൽഎമാരുണ്ട്.
 

Share this story