ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Modi BJP

ന്യൂഡൽഹി: ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ബിജെപി ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

400 സീറ്റുകൾ എന്ന ലക്ഷ്യത്തോടെ വേണം പ്രവർത്തകർ പ്രവർത്തിക്കേണ്ടത്. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണം. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ല. പ്രതിപക്ഷത്തെപ്പോലെ വ്യാജ വാഗ്ദാനങ്ങൾ താൻ നൽകാറില്ല. ദശാബ്ദങ്ങളോളം സാധ്യമാകാതിരുന്നത് പൂർത്തീകരിക്കാൻ സർക്കാരിനായി. രാമക്ഷേത്രത്തിലൂടെ 50 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ചെങ്കോട്ടയിൽ ശൗചാലയ വിഷയം ഉയർത്തിയ ആദ്യ പ്രധാനമന്ത്രിയാണ് താനെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Share this story