പ്രതിപക്ഷ ബഹളത്തിനിടെ 'കേരളം' പേരുമാറ്റ ബില്ലും എൻ.സി.ഡി.സി ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും മുദ്രാവാക്യം വിളികൾക്കും ഇടയിൽ, സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള ബില്ലും ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC) ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി. ചർച്ചകളൊന്നുമില്ലാതെ ശബ്ദവോട്ടോടെയാണ് ഇരു ബില്ലുകളും സഭ അംഗീകരിച്ചത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള കേരള (പേരുമാറ്റം) ബിൽ 2026 കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് സഭയിൽ അവതരിപ്പിച്ചത്. മലയാള ഭാഷയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണെന്നും ഭരണഘടനയിൽ ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
ഇതിനുപുറമെ, സഹകരണ സംഘങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും എൻ.സി.ഡി.സിയുടെ പ്രവർത്തനപരിധി വിപുലീകരിക്കുന്നതിനുമുള്ള ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ 2026 കേന്ദ്ര സഹകരണ സഹമന്ത്രി മുരളീധർ മൊഹോളും സഭയിൽ അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും സഭയുടെ നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ബഹളത്തിനിടയിൽ ബില്ലുകൾ വോട്ടെടുപ്പിനിട്ട് പാസാക്കുകയായിരുന്നു.
