വിബി ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; ബില്ല് വലിച്ച് കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം

vb g

തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനിടെയാണ് ബില്ല് പാസാക്കിയത്. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ബില്ല് വലിച്ചുകീറിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്

ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാബു ഗ്രാമീൺ റോസ് ഗാർ യോജന എന്ന് പേരു മാറ്റുമെന്നാണ് വിവരങ്ങൾ നേരത്തെ പുറത്തുവന്നത്. എന്നാൽ പേര് മാത്രമല്ല, വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരിൽ പദ്ധതി മൊത്തത്തിൽ പൊളിച്ചെഴുതുകയാണെന്ന് ബിൽ എംപിമാർക്ക് അവതരണത്തിന് മുമ്പ് ലഭിച്ചപ്പോൾ മാത്രമാണ് മനസിലായത്

വിബി ജി റാം ജി എന്നാകും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ 100 ശതമാനം പദ്ധതി വിഹിതവും കേന്ദ്രമാണ് നൽകിയിരുന്നതെങ്കിൽ പുതിയ നിയമത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പത്ത് ശതമാനവും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 40 ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തി

ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശക്തീകരിക്കാനും ജലസംരക്ഷണം, അനുബന്ധ ജോലികൾ, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള പ്രവർത്തികൾ എന്നിവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട കാർഷിക സീസണുകളിൽ പദ്ധതിപ്രകാരം തൊഴിൽ നൽകാൻ പാടില്ല. കർഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്ന് ബില്ലിൽ പറയുന്നു


 

Tags

Share this story