മെയ്ഡ് ഇൻ ഇന്ത്യ; സി295 സൈനിക വിമാനം ഉടൻ പറന്നുയരും
ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' സി295 (C295) സൈനിക ഗതാഗത വിമാനം ഉടൻ പുറത്തിറങ്ങും.
പതിറ്റാണ്ടുകളായി രാജ്യത്തെ സൈനിക വിമാന നിർമ്മാണ രംഗത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) ഉണ്ടായിരുന്ന കുത്തകയാണ് ഇതോടെ അവസാനിക്കുന്നത്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി സ്വന്തമായി ഒരു സമ്പൂർണ്ണ സൈനിക വിമാന നിർമ്മാണ ലൈൻ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് ഇതാദ്യമായാണ്.
അമേരിക്കൻ വ്യോമസേന ഇറാനിൽ തങ്ങളുടെ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള യുദ്ധകാല രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച അതേ വിമാന മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. വഡോദരയിലെ ടാറ്റയുടെ നിർമ്മാണ ശാലയിൽ നിന്ന് വിമാനം പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വിമാനം എപ്പോൾ ഔദ്യോഗികമായി പുറത്തിറക്കുമെന്നതിനെക്കുറിച്ച് ടാറ്റയോ എയർബസ്സോ (Airbus) കേന്ദ്ര സർക്കാരോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
എങ്കിലും 2026 സെപ്റ്റംബറിന് മുമ്പ് ആദ്യ ഇന്ത്യൻ നിർമ്മിത സി295 വിമാനം പുറത്തിറങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഈ വർഷം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ എ.കെ. ഭാരതി വഡോദരയിലെ ഈ പ്ലാന്റ് സന്ദർശിച്ച് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കലിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
വ്യോമസേനയുടെ കരുത്ത് കൂട്ടാൻ ഭീമൻ കരാർ
2021-ൽ ഒപ്പുവെച്ച 21,935 കോടി രൂപയുടെ കരാർ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്കായി (IAF) 56 സി295 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ലോകത്തിൽ വെച്ച് ഏറ്റവും വലിയ സി295 വിമാനശേഖരം ഇനി ഇന്ത്യയ്ക്കായിരിക്കും. ഇതിൽ ആദ്യത്തെ 16 വിമാനങ്ങൾ സ്‌പെയിനിൽ നിന്ന് നേരിട്ട് പറന്നെത്തിയവയാണ്. ബാക്കിയുള്ള 40 വിമാനങ്ങളാണ് ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്നത്.
വിമാനത്തിന്റെ 85 ശതമാനത്തിലധികം സ്ട്രക്ചറൽ ജോലികളും അസംബ്ലിംഗും ഇന്ത്യയിലാണ് നടക്കുന്നത്. ഇതിനായി 13,000-ത്തിലധികം ചെറുകിട ഭാഗങ്ങളും ഉപഘടകങ്ങളും രാജ്യത്ത് തന്നെ നിർമ്മിക്കുന്നുണ്ട്. സ്പെയിൻ വിദേശകാര്യമന്ത്രി ഹൊസെ മാനുവൽ അൽബാരസുമായി നടത്തിയ ചർച്ചയിൽ എസ്. ജയശങ്കർ ഈ പദ്ധതിയുടെ പ്രാധാന്യം എടുത്ത് പറഞ്ഞിരുന്നു. 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്ലാന്റിന് തറക്കല്ലിട്ടതും 2024 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തതും.
ഇന്ത്യൻ പ്രതിരോധത്തിൽ വഴിത്തിരിവാകുന്നത് എങ്ങനെ?
നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന പഴക്കമേറിയ ആവ്‌രോ-748 (Avro-748) വിമാനങ്ങൾക്ക് പകരക്കാരനായാണ് അത്യാധുനിക ഇരട്ട ടർബോപ്രോപ്പ് എഞ്ചിനുള്ള സി295 എത്തുന്നത്. ജമ്മു കശ്മീർ, ലേ-ലഡാക്ക്, വടക്കുകിഴക്കൻ ഇന്ത്യ തുടങ്ങിയ ഉയർന്നതും ദുർഘടവുമായ മലയോര മേഖലകളിൽ ഈ വിമാനങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.
ആവ്‌രോ വിമാനങ്ങളിൽ സൈഡ് ഡോറുകൾ മാത്രമുള്ളപ്പോൾ സി295 വിമാനങ്ങൾക്ക് പിന്നിൽ വലിയൊരു റാംപ് (Rear Ramp) ഉണ്ട്. ഇത് പാരച്യൂട്ട് ഭടന്മാർക്ക് എളുപ്പത്തിൽ ചാടാനും ചെറിയ പീരങ്കികളും ഭാരം കുറഞ്ഞ വാഹനങ്ങളും വേഗത്തിൽ വിമാനത്തിലേക്ക് കയറ്റാനും ഇറക്കാനും സഹായിക്കും.
വെറും 320 മുതൽ 670 മീറ്റർ വരെയുള്ള ചെറിയ റൺവേകളിൽ നിന്നും താൽക്കാലികമായി നിർമ്മിച്ച മൺപാതകളിൽ നിന്നും ഈ വിമാനത്തിന് എളുപ്പത്തിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡിംഗ് നടത്താനും കഴിയും. 9.5 ടൺ ചരക്കുകളോ അല്ലെങ്കിൽ 70 സൈനികരെയോ ഇതിൽ കൊണ്ടുപോകാം.
ഒപ്പം മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ 24 സ്ട്രെച്ചറുകൾ ഘടിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. മണിക്കൂറിൽ 260 നോട്ട്സ് വേഗതയുള്ള ഈ വിമാനത്തിന് തുടർച്ചയായി 11 മണിക്കൂർ വരെ പറക്കാനും 5,000 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനും ശേഷിയുണ്ട്.
സി-17 ഗ്ലോബ്മാസ്റ്ററിന് മികച്ച പങ്കാളി
tactical ട്രാൻസ്പോർട്ട് വിഭാഗത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിശ്വസനീയമായ വിമാനങ്ങളിലൊന്നാണ് എയർബസ് സി295. നിലവിൽ സ്പെയിൻ, ഈജിപ്ത്, പോളണ്ട്, ബ്രസീൽ ഉൾപ്പെടെ 36-ലധികം രാജ്യങ്ങൾ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയുടെ പക്കലുള്ള ഭീമൻ വിമാനമായ ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്ററുമായി (C-17 Globemaster) താരതമ്യം ചെയ്യുമ്പോൾ സി295 ചെറുതും ഭാരം കുറഞ്ഞതുമാണ്. സി-17 വിമാനങ്ങൾക്ക് 77.5 ടൺ ഭാരം വഹിക്കാൻ കഴിയുമ്പോൾ സി295 വിമാനങ്ങൾക്ക് 9.25 ടൺ ശേഷിയാണുള്ളത്.
എന്നാൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കാത്ത ലഡാക്കിലെ ദൗലത് ബേഗ് ഓൾഡി (16,700 അടി ഉയരത്തിൽ), ന്യോമ, ഫുകചെ, ചുഷുൽ തുടങ്ങിയ ഇന്ത്യയുടെ അതിർത്തിയിലെ ദുർഘടമായ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളിൽ (ALGs) സുരക്ഷിതമായി ഇറങ്ങാൻ സി295 വിമാനങ്ങൾക്ക് മാത്രമേ സാധിക്കൂ.
സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യ
സി295 വിമാനത്തിന്റെ നിർമ്മാണത്തോടെ ഇന്ത്യ സ്വന്തം പ്രതിരോധ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 37 ഇന്ത്യൻ വിതരണക്കാരാണ് പങ്കാളികളായിട്ടുള്ളത്. വഡോദരയിലെ പ്ലാന്റിൽ മാത്രം 3,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലവസരങ്ങൾ ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടും.
വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നത് മുതൽ അസംബ്ലിംഗ്, എഞ്ചിൻ ഘടിപ്പിക്കൽ, പരിശോധനകൾ, ദീർഘകാല അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഭാവിയിൽ ഇത്തരം വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആഗോള എയ്‌റോസ്‌പേസ് വിപണിയുടെ ഭാഗമാകാനും ഈ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.
