മധ്യപ്രദേശിൽ ഇറച്ചി വിൽപ്പനക്ക് നിയന്ത്രണം, ഉച്ചഭാഷിണി നിരോധിച്ചു: ആദ്യ മന്ത്രിസഭാ യോഗ തീരുമാനം

mohan

മധ്യപ്രദേശിൽ തുറന്നയിടങ്ങളിൽ ഇറച്ചി വിൽപ്പന നിയന്ത്രിക്കാനും ഉച്ചഭാഷിണികൾ നിരോധിക്കാനും തീരുമാനം. പുതിയ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മതകേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും അനുവദനീയ പരിധിക്കപ്പുറത്തുള്ള ഉച്ചഭാഷിണി ഉപയോഗം നിരോധിക്കാനാണ് തീരുമാനം

എല്ലാ ജില്ലയിലും ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധന നടത്തും. നിയമലംഘനം കണ്ടാൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. 2000ലെ മധ്യപ്രദേശ് നോയ്‌സ് ആക്ട്, നോയ്‌സ് പൊല്യൂഷൻ നിയമത്തിലെ പ്രൊവിഷനുകളും സുപ്രിം കോടതി ഉത്തരവുകളും അനുസരിച്ചാണ് നടപടിയെന്നാണ് വിശദീകരണം. 

ഭക്ഷ്യസുരക്ഷാ നിയമവും കേന്ദ്രവിജ്ഞാപനവും അനുസരിച്ച് തുറന്നയിടങ്ങളിലെയും ലൈസൻസില്ലാതെയുമുള്ള ഇറച്ചി, മുട്ട വിൽപ്പനയിൽ നിയന്ത്രണം കൊണ്ടുവരും. നിയന്ത്രണം നടപ്പാക്കാൻ പോലീസ്, പ്രാദേശിക ഭരണകൂടങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ ചേർന്ന് കാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Share this story