മലയാളത്തിന്റെ പെരുമ വാനോളം; രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി
ന്യൂഡൽഹി: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്ക് രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ്യം മലയാളത്തിന്റെ പ്രിയ നടനെ ആദരിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാനായി ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ മമ്മൂട്ടി, 400-ലധികം ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖശ്രീയായി മാറിയ പ്രതിഭയാണ്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ലഭിച്ച ഈ വലിയ അംഗീകാരം മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിനും ഒരേപോലെ അഭിമാന നിമിഷമാണ് സമ്മാനിക്കുന്നത്.
