ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) ആണ് മരിച്ചത്. നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിൻസിയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഭർത്താവ് പള്ളിപ്പാട് സ്വദേശി റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മാണ്ഡവി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിൻസിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്‌കാരം നടക്കും. നാസിക്കിലെ സ്വകാര്യ നഴ്സിങ് കോളജിലെ അധ്യാപികയായിരുന്നു ബിൻസി. പാണ്ടനാട് മേടയിൽ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ് ബിൻസി. ഖത്തറിൽ ജോലി ചെയ്യുന്ന ബിൻസണാന് സഹോദരൻ.
