പരസ്പര ധാരണക്ക് തയ്യാറെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് മമത ബാനർജി

mamata

പശ്ചിമ ബംഗാളിൽ പരസ്പര ധാരണയോടെ പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കർണാടകയിൽ കോൺഗ്രസ് വലിയ വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. അതേസമയം കോൺഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല

പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ശക്തമായ പ്രദേശത്ത് കോൺഗ്രസ് അവരെ പിന്തുണയ്ക്കാൻ തയ്യാറാകണം. ഞാൻ നിങ്ങൾക്ക് കർണാടകയിൽ പിന്തുണ നൽകി, എന്നാൽ ബംഗാളിൽ എനിക്കെതിരെ പോരടിക്കുന്നു. അതാവരുത് നയം. നല്ലത് തിരികെ കിട്ടണമെങ്കിൽ ചില മേഖലകളിൽ ത്യാഗം ചെയ്‌തേ മതിയാകൂവെന്നും മമത പറഞ്ഞു

സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ ശക്തരെങ്കിൽ ബിജെപിയെ നേരിടാൻ അവർക്കാണ് പ്രാധാന്യം നൽകേണ്ടത്. നമുക്ക് ബംഗാളിൽ ഒന്നിച്ച് പൊരുതാം. ഡൽഹിയിൽ എഎപി പോരടിക്കട്ടെ. ബീഹാറിൽ നിതീഷ് ജിയും തേജസ്വിയുമുണ്ട്. കോൺഗ്രസ് യുപിയിൽ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നില്ല, എന്നാൽ അഖിലേഷ് യാദവിന് പിന്തുണ നൽകണം. ഇക്കാര്യം വിശദമായി തന്നെ ചർച്ച ചെയ്യാം. കേന്ദ്രത്തിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിട്ടുണ്ടെന്നും മമത പറഞ്ഞു.
 

Share this story