യുഎസിൽ തെലങ്കാന സ്വദേശിനിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന യുവാവ് തമിഴ്‌നാട്ടിൽ പിടിയിൽ
യുഎസിൽ തെലങ്കാന സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാലയെ(27) കൊലപ്പെടുത്തിയ പ്രതി അർജുൻ ശർമയാണ്(20) തമിഴ്‌നാട്ടിൽ പിടിയിലായത്. ഇന്റർപോൾ നൽകിയ വിവരം പ്രകാരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്
പ്രതിയെ വൈകാതെ യുഎസിന് കൈമാറും. നികിതയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കൻ ഏജൻസികൾ അർജുനായി തെരച്ചിൽ ശക്തമാക്കിയിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്റർപോളിനും ഇന്ത്യയിലെ ഏജൻസികൾക്കും വിവരം കൈമാറി.
നികിതയുടെ മുൻ കാമുകൻ കൂടിയാണ് അർജുൻ ശർമ. ജനുവരി 2ന് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അർജുൻ തന്നെയാണ് യുഎസ് പോലീസിൽ പരാതി നൽകിയത്. അതേ ദിവസം തന്നെയാണ് അർജുൻ ഇന്ത്യയിലേക്ക് കടത്തിയത്. അന്വേഷണത്തിൽ അർജുന്റെ അപ്പാർട്ട്‌മെന്റിൽ നിന്ന് നികിതയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു
