ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി; ഒഡിശയിൽ ഗ്രാമവാസിയെ കൊന്ന് പൂജാമുറിയിൽ തല കുഴിച്ചിട്ട് ഭർത്താവ്
ഭുവനേശ്വർ: ഒഡിശയിലെ ബോലാംഗിർ ജില്ലയിൽ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ഒരാളെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഭാര്യയെ തിരിച്ചുകിട്ടുന്നതിനായാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ടെബദമുണ്ട ഗ്രാമവാസിയായ സന്തോഷ് ഖാർസെൽ (45) എന്നയാളെ ഓഗസ്റ്റ് 18 മുതൽ കാണാതായിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബഗഡ ഗ്രാമത്തിലെ കുളത്തിൽനിന്ന് തലയറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഖാർസെലിനെ അവസാനമായി കണ്ടത് സത്രുഘ്ന സാഹു എന്നയാൾക്കൊപ്പമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സാഹുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെങ്കിലും മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി.
എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ, മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരിച്ചുകിട്ടുന്നതിനായാണ് കൃത്യം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് സാഹുവിന്‍റെ പൂജാമുറിയിൽ കുഴിച്ചിട്ടിരുന്ന ഖാർസെലിന്‍റെ തല കണ്ടെത്തി. പ്രതിക്കും കൊല്ലപ്പെട്ടയാൾക്കും മുൻപരിചയമുണ്ടായിരുന്നില്ല. ഖാർസെലിനെ പരിചയപ്പെട്ടതിന് പിന്നാലെ സാഹു ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ആദ്യം പ്രതി മൃതദേഹത്തിൽനിന്ന് തല മാറ്റി എവിടെയെങ്കിലും ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ പൂജാമുറിയിൽനിന്ന് തല പുറത്തെടുത്തതോടെയാണ് നരബലി സംബന്ധിച്ച സംശയം ശക്തമായതെന്ന് ബോലാംഗിർ പൊലീസ് സൂപ്രണ്ട് ജി. അഭിലാഷ് പറഞ്ഞു.
